വിദ്യ(അ)ഭ്യാസം
വിദ്യാഭ്യാസം ഒരു കലയാണ്. വിദ്യ അഭ്യസിക്കുക അല്ലെങ്കിൽ അറിവ് നേടുക എന്നാണ് ഇതിനർത്ഥം. പണ്ട് ഗുരുകുല സമ്പ്രദായത്തിൽ വിദ്യ പകർന്നു നല്കുക എന്നത് ഗുരുവിന്റെ കർത്തവ്യമാണ്. ഗുരുവിൽ നിന്ന് അറിവ് സ്വീകരിക്കുക എന്നത് ശിഷ്യന്റെ കടമയും . ഭാരതത്തിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തുടക്കം ഗുരുകുല വിദ്യഭ്യസമായിരുന്നു. ഈ സമ്പ്രദായം അനുസരിച്ച് ശിഷ്യൻ ഗുരുവിന്റെ കൂടെ താമസിച്ചു വിദ്യ സ്വയതമാക്കുന്നു . പ്രകൃതി ആയിരുന്നു പഠനമുറികൾ. പട്യെതരസമയം ശിഷ്യൻ മറ്റു വീട്ടുകാര്യങ്ങളിൽ ഗുരുവിനെ സഹായിക്കുന്നു .ഈ വിദ്യാഭ്യാസരീതി പ്രത്യക്ഷമായും പരോക്ഷമായും ഒരുപാടു ഗുണകാര്യങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകിയിരുന്നു. അതിൽ പ്രധാനമായിരുന്നു പരസ്പര ധാരണ .ചെറുപ്പം നേടിയെടുക്കുന്ന ഈ ഗുണപാഠം ജീവിത പുരോഗതിയെ സ്വാധീനിക്കുന്നു . അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ് നേടുകയെന്നത് മാത്രമാണ് . വേദകാലത്ത് ആരംഭിച്ച ഈ വിദ്യാഭ്യാസരീതി പതുക്കെ തുടച്ചുമാറ്റപ്പെടുകയും പുതിയ വിദ്യാഭ്യാസരീതി ആവിർഭവിക്കുകയും ചെയ്തു .
കേരള സംസ്ഥാനം വിദ്യാഭ്യാസത്തിനു നൽകുന്ന പ്രാധാന്യം മറ്റിതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ വലുതാണ് .അതുകൊണ്ട് തന്നെ പ്രബുദ്ധ കേരളം സമ്പൂർണ സാക്ഷരതയുടെ പേരിലും മുൻപിലാണ്. എന്നാൽ ഇന്ന് വിദ്യാഭ്യാസരീതികളിൽ വന്ന മാറ്റം പ്രകടമാണ് .വിദ്യയും അറിവും കച്ചവടവത്കരിക്കപ്പെടുന്ന സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത് . ഒരു വിദ്യാർത്ഥിക്ക് പഠിക്കണമെങ്കിൽ ഇന്ന് പണം അനിവാര്യമാണ് .ഇന്നത്തെ വിദ്യാഭ്യാസത്തിൽ പ്രഥമ സ്ഥാനം പണത്തിനാണു. പണ്ട് അറിവ് നേടുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ടാണെങ്കിൽ ഇന്ന് പഠനം എന്നത് ജോലി നേടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ്. അങ്ങനെ വരുമ്പോൾ പഠനത്തോടുള്ള സമർപ്പണത്തിന്റെ തോത് കുറയുന്നു.
ഒരുകാലത്ത് എസ്എസ്എൽസി പരീക്ഷ എന്നത് ഒരു വലിയ കടമ്പയായിരുന്നു .ആ കടമ്പ കടന്നു കിട്ടുക എന്നത് വലിയ ആശ്വാസമായിരുന്നു . ഇന്നത്തെ ഡിഗ്രിക്ക് തുല്യമായിരുന്നു അന്നത്തെ എസ്എസ്എൽസി പരീക്ഷ .കാലത്തിനനുസരിച്ച് പാട്യ പ്രവർത്തനങ്ങളിലും പഠനരീതികളിലും മാറ്റം വന്നു . സിലബസ്സുകൾ പരിഷ്കരിച്ചു പരീക്ഷ എഴുതുന്നവരെയെല്ലാം ജയിപ്പിചെടുക്കുന്ന വിദ്യാഭ്യാസ രീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. പാഠപുസ്തകങ്ങളെ മാത്രം ഉപജീവിച്ചു നടത്തുന്ന അദ്ധ്യയനവും നോട്ട്ബുക്ക് മാർഗമവലംബിച്ചു നടത്തുന്ന അദ്ധ്യാപനവും കുട്ടികളുടെ പ്രായോഗിക കഴിവ് നിഷ് പ്രഭമാക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസം കൊണ്ട് അർത്ഥമാക്കുന്നത് പ്രായോഗിക വിജ്ഞാനം പകർന്നു കൊടുക്കുക എന്നത് കൂടിയാണ് .എന്നാൽ ഇന്നത്തെ വിദ്യാഭ്യാസ രീതി അറിവും പ്രയോഗിക സുക്ഷ്മ ജ്ഞാനവും ഉണ്ടാക്കി തരുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമാണ് . പഠനത്തിന്റെ ഭാഗമായുള്ള നിരന്തര മുല്യനിർനയ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ എളുപ്പത്തിൽ വിജയിപ്പിച്ചെടുക്കുന്നതിന് സഹായിക്കുന്നത് കൊണ്ട് പഠനത്തോടുള്ള വിദ്യാർത്ഥികളുടെ ആഭിമുഖ്യം കുറയുന്നു.നിലവിലുള്ള പരീക്ഷ സമ്പ്രദായം പരീക്ഷകളുടെ ഉദ്ദേശ്യം നിറവേറ്റുന്നതിൽ വിജയിചിട്ടില്ലെന്നത് ഒരു വസ്തുത മാത്രമാണ് .
അദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിദ്യാഭ്യാസ രംഗത്ത് കുറവോന്നുമല്ല.വേണ്ടത്ര പ്രഗത്ഭരായ അദ്ധ്യാപകരുടെ അഭാവം മൂലം താത്കാലിക നിയമനത്തിൽ കരാർ അടിസ്ഥാനത്തിൽ കയറുന്ന അദ്ധ്യാപകരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. അദ്ധ്യാപക നിയമനത്തിന്റെ കാര്യത്തിലുള്ള മാനേജുമെന്റുകളുടെ പതിയെപോക്കും ഇതിനു കാരണമാകുന്നുണ്ട് .അദ്ധ്യാപകനിയമനത്തിന്റെ കാര്യത്തിൽ സ്വാശ്രയ കോളെജുകളും സർക്കാർ കോളെജുകളും ഒരേ രീതിയാണ് അവലംബിക്കുന്നത് .ഇത് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കും എന്ന കാര്യത്തിൽ സംശയമില്ല .
എല്ലാ അർത്ഥത്തിലും വിദ്യാഭ്യാസ സമ്പ്രദായത്തിലും രീതികളിലും വന്ന മാറ്റം വിദ്യാഭ്യാസ രംഗത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കയാണ് .എല്ലാം കച്ചവട വത്കരിക്കുന്ന സമൂഹത്തിൽ വിദ്യ അഭ്യസിക്കുന്നത് ഇന്നൊരു അഭ്യാസം തന്നെയാണ്.
Nice..Remembering Value Of Education in old days!!
ReplyDelete